സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ്
(Help Desk : 1800 120 1001)

ആമുഖം
കേരള സാമൂഹ്യ സുരക്ഷാമിഷൻ ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട പദ്ധതികൾ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിലൂടെയാണ് (SID) ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. വൈകല്യങ്ങൾക്ക് കാരണമാകുന്ന അവസ്ഥകൾ പ്രതിരോധിക്കുക, വൈകല്യം എത്രയും നേരത്തെ കണ്ടെത്തുക, ആവശ്യമായ ഇടപെടലുകളിലൂടെ വൈകല്യത്തിന്റെ തീവ്രത ലഘൂകരിക്കുക (Early Screening, Early Detections and Early Intervention), ഇതിനാവശ്യമായ സ്ഥാപന സംവിധാനങ്ങളുമായി Organized Network of Institution സ്ഥാപിക്കുക എന്ന സമീപനത്തിലധിഷ്ഠിതമായാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് ആദ്യഘട്ടത്തിൽ രൂപം നൽകി നടപ്പാക്കി വരുന്നത്. 2017 ജൂൺ മാസം മുതൽ അനുയാത്ര എന്ന പേരിലുളള ഒരു സമഗ്ര പരിപാടിയുടെ ഭാഗമായാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് പ്രോജക്ടുകളുടെ നിർവ്വഹണം നടത്തി വരുന്നത്. സംസ്ഥാനത്തെ വിവിധ വകുപ്പുകൾ, ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയുമായി സഹകരിച്ചാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് പദ്ധതികൾ നടപ്പാക്കുന്നത്.
2. സർക്കാർ ആശുപത്രികളിൽ നവജാത ശിശുക്കളുടെ കേൾവി പരിശോധന
കുഞ്ഞുങ്ങളിലെ കേൾവി സംബന്ധമായ പ്രശ്നങ്ങൾ എത്രയും നേരത്തെ കണ്ടെത്തി ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനായി ഒരു കുഞ്ഞ് ജനിച്ചയുടൻ തന്നെ കേള്‍വി പരിശോധന നടത്തുന്നതിനുളള സൗകര്യം സംസ്ഥാനത്തെ 61 സര്‍ക്കാർ ഡെലിവറി പോയിന്റുകളിൽ ലഭ്യമാക്കിയിട്ടുണ്ട്. മറ്റു ആശുപത്രികളിൽ ജനിക്കുന്ന കുട്ടികള്‍ക്കും ഈ കേന്ദ്രങ്ങളിലെത്തി സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിനായി പരിശീലനം ലഭിച്ച ഒരു ജൂനിയർ പബ്ലിക്ക് ഹെല്‍ത്ത് നെഴ്സിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പ്രസവശേഷം അമ്മയും കുഞ്ഞും ആശുപത്രി വിടുന്നതിന് മുന്‍പായി തന്നെ കുഞ്ഞുങ്ങളുടെ കേൾവി പരിശോധന നടത്തുന്നു. ഈ പ്രവർത്തനത്തിനാവശ്യമായ ഉപകരണങ്ങൾ, JPHN മാരുടെ വേതനം, പരിശീലനം തുടങ്ങിയവ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിൽ നിന്നും നൽകുന്നു. പ്രതിവർഷം സംസ്ഥാനത്ത് ശരാശരി 1,20,000 ലധികം കുട്ടികളുടെ കേൾവി പരിശോധന ഈ പദ്ധതിയിലൂടെ നടത്തുകയും കേൾവി പ്രശ്നങ്ങൾ കണ്ടെത്തുന്ന കുട്ടികൾക്കാവശ്യമായ തുടർ പ്രവർത്തനങ്ങൾ ഒരുക്കുകയും ചെയ്യുന്നു.
3. കേൾവി വൈകല്യം സ്ഥിരീകരിക്കുന്നതിനുളള BERA പരിശോധന
നവജാത ശിശുക്കളുടെ കേൾവി പരിശോധനയിൽ കേൾവി പ്രശ്നം കണ്ടെത്തുന്ന കുട്ടികളെ വിദഗ്ധ പരിശോധനയിലൂടെ കേള്‍വി വൈകല്യം സ്ഥിരീകരിക്കുന്നതിനുളള BERA (Brain Evoked Response Audiometry) സംവിധാനം 14 ജില്ലാ കേന്ദ്രങ്ങളിലും സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് ലഭ്യമാക്കിയിട്ടുണ്ട്. ജില്ലകളിലെ ജില്ലാ / ജനറൽ ആശുപത്രികളിൽ പ്രവർത്തിക്കുന്ന നാഷണൽ പ്രോഗ്രാം ഫോർ പ്രിവന്‍ഷൻ ആന്റ് കണ്ട്രോൾ ഓഫ് ഡെഫ്നെസ് കേന്ദ്രങ്ങളിലാണ് ഈ സൗകര്യം ലഭ്യമാക്കിയിട്ടുളളത്.
4. ആഡിറ്ററി വെര്‍ബൽ തെറാപ്പി സെന്റർ
കേള്‍വി പ്രശ്നം സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ന്ന് വിദഗ്ധ വൈദ്യസഹായവും ശ്രവണ ഉപകരണങ്ങളും ലഭ്യമാക്കുന്നതിനും, കോക്ലിയാർ ഇംപ്ലാന്റേഷൻ ആവശ്യമുള്ളവർക്കും ഇംപ്ലാന്റേഷന് മുൻപുള്ള പ്രീ ഹാബിലിറ്റേഷൻ തെറാപ്പിയും ഇംപ്ലാന്റേഷന് ശേഷമുള്ള പോസ്റ്റ് ഹാബിലിറ്റേഷൻ തെറാപ്പികളും നൽകുന്നതിനുമായി തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷൻ (NIPMR), കോഴിക്കോടും തിരുവനന്തപുരത്തുമുളള സർക്കാർ മെഡിക്കൽ കോളേജുകളിലെ ENT വിഭാഗം എന്നിവിടങ്ങളിൽ ആധുനിക സജീകരണങ്ങളോടെയുളള ആഡിറ്ററി വെര്‍ബൽ തെറാപ്പി കേന്ദ്രങ്ങൾ സ്ഥാപിച്ച് നൽകിയിട്ടുണ്ട്.
5. റീജിയണല്‍ ഏര്‍ളി ഇന്റെര്‍വെന്‍ഷൻ സെന്റെർ
വൈകല്യങ്ങൾ എത്രയും നേരത്തെ കണ്ടെത്തുന്നതിനും, തെറാപ്പികൾ, പരിശീലനങ്ങള്‍, ചികിത്സകൾ ഉള്‍പ്പെടെയുളള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ അഞ്ച് മെഡിക്കൽ കോളേജുകളിൽ (തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്) റീജിയണല്‍ ഏര്‍ളി ഇന്റെര്‍വെന്‍ഷൻ സെന്റെറുകൾ സ്ഥാപിച്ച് പ്രവർത്തിച്ച് വരുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്കാണ് ഈ കേന്ദ്രങ്ങളിലൂടെ സേവനം നൽകുന്നത്. ഇവരിൽ തന്നെ അനുബന്ധ രോഗങ്ങൾ ഉളളവർ, പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളിൽ നിന്നും refer ചെയ്യുന്നവർ, എന്നിവർക്കാണ് റീജിയണൽ ഏര്‍ളി ഇന്റെര്‍വെന്‍ഷൻ സെന്റെറുകളിൽ മുൻഗണന നൽകുന്നത്. സ്ക്രീനിംഗ്, ഏര്‍ളി ഇന്റെര്‍വെന്‍ഷൻ, വിവിധ തെറാപ്പികൾ, പരിശീലനങ്ങൾ, ചികിത്സ തുടങ്ങിയവ ഈ സെന്റെറുകളിലൂടെ ലഭ്യമാക്കുന്നു. മെഡിക്കല്‍ കോളേജിലെ ശിശു ചികിത്സാ വിഭാഗത്തിലെ ഒരു പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ ആണ് ഈ കേന്ദ്രത്തിന്റെ നോഡൽ ഓഫീസർ. ഓരോ കേന്ദ്രത്തിലും ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒപ്റ്റോമെട്രിസ്റ്റ്, സ്റ്റാഫ് നഴ്സ്, ഡെവലപ്മെന്റെൽ തെറാപിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ് ഒക്യുപേഷണൽ തെറാപിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ, സോഷ്യൽ വര്‍ക്കർ എന്നീ വിദഗ്ധരുടെ സേവനവും REIC മാനേജരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പ്രതിവർഷം ശരാശരി 25,000 കുട്ടികൾക്ക് ഈ കേന്ദ്രങ്ങളിലൂടെ സേവനം ലഭ്യമാക്കി വരുന്നു.
6. മൊബൈൽ ഇന്റെര്‍വെന്‍ഷൻ യൂണിറ്റുകൾ
ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേകിച്ചും കുട്ടികള്‍ക്ക് തുടര്‍ച്ചയായ തെറാപ്പികൾ ആവശ്യമാണ്. ജില്ലാ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങളിലും മറ്റ് സ്ഥാപനങ്ങളിലും എത്തി ഈ സൗകര്യം പ്രയോജനപ്പെടുത്താൻ വിവിധ കാരണങ്ങളാൽ പലരും പ്രയാസപ്പെടുന്നുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ ഉളളവരെയാണ് ഈ പ്രശ്നം കൂടുതലായി ബാധിക്കുന്നത്. ഈ പ്രശ്നം പരിഹരിക്കുന്നതിനായി 25 മൊബൈൽ ഇന്റെര്‍വെന്‍ഷൻ യൂണിറ്റുകൾ പ്രവര്‍ത്തിച്ചു വരുന്നു. ഡെവലപ്മെന്റെൽ തെറാപിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപിസ്റ്റ് എന്നിവരുടെ സേവനം മൊബൈൽ ഇന്റെര്‍വെന്‍ഷൻ യൂണിറ്റുകളിലൂടെ ലഭ്യമാക്കുന്നു. ദേശീയ ആരോഗ്യ ദൗത്യം (എന്‍.എച്ച്.എം) മുഖേനയാണ് മൊബൈൽ ഇന്റെര്‍വെന്‍ഷൻ യൂണിറ്റുകൾ പ്രവര്‍ത്തിച്ചു വരുന്നത്.
7. മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്റെറുകൾ
ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് തെറാപ്പികള്‍, പരിശീലനം തുടങ്ങിയവ ലഭ്യമാക്കുന്നതിനായി മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റെറുകൾ അനുയാത്രയുടെ ഭാഗമായി സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങൾ നടന്നു വരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റെറുകൾ സ്ഥാപിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ ആധുനിക സജ്ജീകരണങ്ങളോടെയുളള മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷൻ സെന്റെർ കെട്ടിട നിര്‍മ്മാണം പൂർത്തിയായിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ മാടായി, എരിഞ്ഞോളി പഞ്ചായത്തുകള്‍, മലപ്പുറം ജില്ലയിലെ താനാലൂര്‍ എന്നിവിടങ്ങളില്‍ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റെറുകളിൽ ആവശ്യമായ ഉപകരണങ്ങള്‍, ഫര്‍ണിച്ചർ എന്നിവ ലഭ്യമാക്കിയിട്ടുണ്ട്.
8. ഭിന്നശേഷിക്കാരായ കുട്ടികൾക്കുളള സ്പെഷ്യൽ അങ്കണവാടികൾ
പ്രീ സ്കൂള്‍ തലത്തിൽ തന്നെ കുട്ടികളിലെ ബുദ്ധിമാന്ദ്യം, വളര്‍ച്ചാ വികാസ പ്രശ്നങ്ങൾ തുടങ്ങി പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളെ കണ്ടെത്തി അനുയോജ്യമായ പരിശീലനങ്ങളും പരിചരണങ്ങളും നൽകി പരമാവധി കുട്ടികളെ ജനറൽ സ്കൂളുകളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയുളള സ്പെഷ്യൽ അങ്കണവാടികളുടെ പ്രവര്‍ത്തനം കോഴിക്കോട് ജില്ലയിൽ നടന്നു വരുന്നു. ഓരോ ഐ.സി.ഡി.എസ് പ്രോജക്റ്റിലേയും ഒരു അംഗൻവാടി, നോഡൽ സ്പെഷ്യൽ അംഗന്വാടിയായും മറ്റ് രണ്ട് അംഗൻവാടികൾ സാറ്റലൈറ്റ് സ്പെഷ്യൽ അംഗന്വാടികളായും പ്രവർത്തിക്കുന്നു. ഒരു സ്പെഷ്യല്‍ എഡ്യൂക്കേറ്ററുടെ സേവനവും ആവശ്യമായ പ്രത്യേക പരിശീലന സാമഗ്രികളും സ്പെഷ്യൽ അങ്കണവാടികളിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇതുവരെ 2248 കുട്ടികള്‍ക്ക് പരിശീലനം നല്‍കുകയും 1141 കുട്ടികളെ ജനറൽ സ്കൂളിൽ ചേരാൻ പ്രാപ്തരാക്കുകയും ചെയ്തിട്ടുണ്ട്.

9. ഭിന്നശേഷിക്കാർക്കായുളള ഹെല്‍പ്പ് ഡെസ്ക് (1800 120 1001)
ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന വിവിധ സേവനങ്ങൾ, പദ്ധതികൾ, സ്ഥാപനങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ നൽകുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ഓഫീസിൽ അനുയാത്രയുടെ ഭാഗമായി ഒരു ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നു. ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ, അവയുടെ സേവനങ്ങൾ, ക്ഷേമപദ്ധതികൾ തുടങ്ങിയവ ഉൾപ്പെടെയുളള വിവിധ വിവരങ്ങൾ ഈ കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നതാണ്. 1800 120 1001 എന്ന ടോൾഫ്രീ നമ്പറിലൂടെ ഈ സേവനം ലഭ്യമാണ്. പ്രതിദിനം ശരാശരി 150 ലധികം ഭിന്നശേഷിക്കാർ ഹെൽപ്പ് ഡെസ്ക്കിന്റെ സേവനം ഉപയോഗപ്പെടുത്തി വരുന്നു.
10. ഓട്ടിസം സെന്റെറുകൾ
ഓട്ടിസം ഉളള കുട്ടികൾക്ക് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി സംസ്ഥാനത്തെ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജുകളിലും, കോഴിക്കോട് ഇംഹാന്‍സിലും ഓട്ടിസം സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്റെറിലൂടെ ഓട്ടിസം സ്ക്രീനിംഗ്, വിവിധ തെറാപ്പികള്‍, പരിശീലനങ്ങൾ, കൗണ്‍സിലിംഗ്, വൈദ്യസേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. പീഡിയാട്രീഷൻ, ഓഡിയോളജിസ്റ്റ് കം സ്പീച്ച് തെറാപിസ്റ്റ്, ഡവലപ്മെന്റെൽ തെറാപിസ്റ്റ്, ഫിസിയോ തെറാപിസ്റ്റ്, ഒക്ക്യുപേഷണല്‍ തെറാപിസ്റ്റ്, സ്പെഷ്യല്‍ എഡ്യൂക്കേറ്റർ, സോഷ്യൽ വര്‍ക്കർ തുടങ്ങിയവരുടെ സേവനം ഈ സെന്ററുകളിലൂടെ ലഭ്യമാണ്. മെഡിക്കൽ കോളേജുകളിലെ പ്രൊഫസർ / അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രീഷൻ) ആണ് സെന്റെറിന്റെ നോഡൽ ഓഫീസർ. പ്രതിമാസം ശരാശരി 2500-2600 കുട്ടികൾക്ക് ഈ സെന്റെറുകളിലൂടെ സേവനം നൽകി വരുന്നു.
11. റീജിയണൽ ഓട്ടിസം റിഹാബിലിറ്റേഷൻ ആന്റ് റിസര്‍ച്ച് സെന്റർ
ആധുനികവും ശാസ്ത്രീയവും ആയ സംവിധാനങ്ങൾ ഉപയോഗിച്ച് ഓട്ടിസം മേഖലയിൽ പുനരധിവാസ പ്രവര്‍ത്തനങ്ങൾ നടത്തുന്നതിനും, ഓട്ടിസം മേഖലയിലെ പഠന ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ റീജിയണല്‍ ഓട്ടിസം റിഹാബിലിറ്റേഷൻ ആന്റ് റിസര്‍ച്ച് സെന്റെർ സ്ഥാപിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ഓട്ടിസം പരിപാലനവുമായി ബന്ധപ്പെട്ട്, ഓട്ടിസം സ്കൂൾ, ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള തെറാപ്പികൾ, പരിശീലനങ്ങൾ എന്നിവ ഈ കേന്ദ്രങ്ങളിലൂടെ നൽകി വരുന്നു.
12. ചൈൽഡ് ഡവലപ്പ്മെന്റ് ആന്റ് റിസർച്ച് സെന്റെർ
ഓട്ടിസം സംശയിക്കുന്ന മൂന്ന് വയസ്സിന് താഴെ പ്രായമുളള കുട്ടികൾക്ക് ആധുനികവും ശാസ്ത്രീയവും ആയ ഇടപെടലുകളിലൂടെയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങൾ പ്രത്യേകമായി ലഭ്യമാക്കുന്നതിനും, ഓട്ടിസം മേഖലയിലെ പഠന ഗവേഷണങ്ങൾ നടത്തുന്നതിനുമായി തൃശ്ശൂർ ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ചൈൽഡ് ഡവലപ്പ്മെന്റ് ആന്റ് റിസർച്ച് സെന്റർ പ്രവർത്തിച്ച് വരുന്നു.
13. സെറിബ്രൽ പാള്‍സി റീഹാബിലിറ്റേഷൻ ആന്റ് റിസര്‍ച്ച് സെന്റെർ
സെറിബ്രല്‍ പാള്‍സി ഉളള കുട്ടികള്‍ക്ക് ആധുനിക സംവിധാനങ്ങളോട് കൂടിയ പുനരധിവാസ പ്രവര്‍ത്തനങ്ങളും, ഈ മേഖലയിലെ ഗവേഷണ പ്രവര്‍ത്തനങ്ങളും പഠനങ്ങളും നടത്തുന്നതിനായി ഇരിങ്ങാലക്കുടയിലുള്ള നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിന് & റീഹാബിലിറ്റേഷനില്‍ സെറിബ്രൽ പാള്‍സി റീഹാബിലിറ്റേഷൻ ആന്റ് റിസര്‍ച്ച് സെന്റെർ സ്ഥാപിച്ചിട്ടുണ്ട്. ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ യുള്ള തെറാപ്പികളും പരിശീലനങ്ങളും ഈ കേന്ദ്രങ്ങളിലൂടെ നൽകി വരുന്നു.
14. ഹോര്‍ട്ടികള്‍ച്ചർ തെറാപ്പി
ഭിന്നശേഷി പരിപാലനവുമായി ബന്ധപ്പെട്ട നൂതന ഇടപെടലുകൾ നടത്തുന്നതിന്റെ ഭാഗമായി ഹോർട്ടികൾച്ചർ തെറാപ്പിയിലൂടെ ഭിന്നശേഷി പരിപാലനം നടത്തുന്ന ഒരു പദ്ധതി
കേരള കാർഷിക സർവ്വകലാശാലയുടെ സഹകരണത്തോടെ 2018 മുതൽ നടപ്പാക്കി വരുന്നു. വെള്ളായണി കാർഷിക കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗം വഴിയാണ് ഹോർട്ടികൾച്ചർ തെറാപ്പിയും അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരുന്നത്.
ഭിന്നശേഷിക്കാരായ കുട്ടികൾക്കും യുവാക്കൾക്കും തെറാപ്പി നൽകുകയും ഇതിലൂടെ അവരെ ശാക്തീകരിച്ചു ആത്മവിശ്വാസം വളർത്തുന്നതിനും സ്വന്തമായി തൊഴിൽ ചെയ്യുന്നതിനുളള ആത്മ വിശ്വാസം അവരിൽ ഉണ്ടാക്കിയെടുക്കുയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. പ്രസ്തുത പദ്ധതിയുടെ ഭാഗമായി വെളളായണി കാർഷിക കോളേജിൽ ഒരു ഭിന്നശേഷി സൗഹൃദ മാതൃകാ ഹോർട്ടികൾച്ചർ തെറാപ്പി ഗാർഡനും സജ്ജമാക്കിയിട്ടുണ്ട്. ഈ പദ്ധതി കാസർഗോഡ് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിലും ആരംഭിച്ചിട്ടുണ്ട്.
15. ആങ്കയിലോസിംഗ് സ്പോണ്‍ഡിലൈറ്റിസ് മൂലം ഉണ്ടാകാൻ സാധ്യതയുളള വൈകല്യം തടയുന്നതിനായുള്ള പ്രത്യേക പദ്ധതി
ആങ്കലോസിംഗ് സ്പോണ്ടിലൈറ്റിസ് മൂലം ഉണ്ടാകാൻ സാധ്യതയുള്ള വൈകല്യങ്ങൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി സൗജന്യമായി മരുന്ന് നല്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. ആങ്കയിലോസിംഗ് സ്പോണ്ടിലൈറ്റിസ് രോഗികൾക്കായി ഒരു സ്റ്റേറ്റ് രജിസ്ട്രിയും ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ നോഡൽ സെന്റെറുകളായ തിരുവനന്തപുരം, തൃശ്ശൂർ സർക്കാർ മെഡിക്കൽ കോളേജുകളിലൂടെഈ പദ്ധതി നടപ്പിലാക്കുകയും രോഗികൾക്ക് മരുന്ന് ലഭ്യമാക്കുകയും ചെയ്യുന്നു.
16. മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ് മൂലം ഉണ്ടാകാൻ സാധ്യതയുളള വൈകല്യം തടയുന്നതി നായുള്ള പ്രത്യേക പദ്ധതി
മള്‍ട്ടിപ്പിൾ സ്ക്ലീറോസിസ് മൂലമുണ്ടാകാൻ സാധ്യതയുള്ള വൈകല്യം പ്രതിരോധിക്കു ന്നതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്ക് മരുന്നും ചികിത്സയും സൗജന്യമായി നല്കുന്ന പദ്ധതി നടപ്പിലാക്കി വരുന്നു. മൾട്ടിപ്പിൾ സ്ക്ലീറോസിസ് രോഗികൾക്കായി സ്റ്റേറ്റ് രജിസ്ട്രി ആരംഭിക്കുകയും തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ആശുപത്രിയും, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജും നോഡൽ സെന്റെറായി കണ്ടെത്തി രോഗികൾക്ക് മരുന്ന് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
17. ഗുരുതരമായ നാഡീവ്യൂഹ വ്യവസ്ഥാ തകരാറുകൾ ബാധിച്ചവർക്കായുളള പദ്ധതികൾ
നാഡീവ്യൂഹ വ്യവസ്ഥയിലെ ഗുരുതരമായ തകരാറുകൾ കാരണം വിവിധ പ്രയാസങ്ങളും, വൈകല്യങ്ങളും ബാധിച്ചവര്‍ക്കുള്ള സേവനങ്ങൾ ശാക്തീകരിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ & റീഹാബിലിറ്റേഷനിൽ ആധുനിക സംവിധാനങ്ങളോടു കൂടിയ ഗേറ്റ് ആന്റ് മോഷൻ അനാലിസിസ് ലാബ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഈ കേന്ദ്രത്തിൽ പ്രവർത്തിച്ച് വരുന്ന സ്പൈനൽ ഇഞ്ചുറി പുനരധിവാസ കേന്ദ്രത്തിൽ ഈ വിഭാഗം രോഗികള്‍ക്കാവശ്യമായ സീലിംഗ് ലിഫ്റ്റ്, സെക്കണ്ടറി കോപ്ലിക്കേഷന് അസ്സസ്മെന്റ് മോണിറ്ററിംഗ് സംവിധാനങ്ങൾ, പേഷ്യന്റ് സപ്പോര്‍ട്ട് സര്‍വ്വീസുകളുടെ ശാക്തീകരണം തുടങ്ങിയവ ലഭ്യമാക്കുന്നതിനും വേണ്ട ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
18. റീഹാബ് എക്സ്പ്രസ്
ഭിന്നശേഷിക്കാര്‍ക്ക് തെറാപ്പികൾ ഉള്‍പ്പെടെയുളള ഇടപെടലുകൾ ലഭ്യമാക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകി വരുന്ന വ്യക്തിഗത ഭിന്നശേഷി സഹായ ഉപകരണ വിതരണ പദ്ധതികളിൽ അസ്സസ്മെന്റ്, പരിശീലനം ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സഹായിക്കുന്നതിനുമായി NIPMR മായി ചേർന്ന് സ്റ്റേറ്റ് ഇനിഷ്യേറ്റിവ് ഓൺ ഡിസെബിലിറ്റീസ് റീഹാബ് എക്സ്പ്രസ്സ് എന്ന ഒരു മൊബൈൽ യൂണിറ്റ് നടപ്പിലാക്കി വരുന്നു.
19. ഷോർട്ട് ഫിലുമുകൾ (ഡ്രീം ഡെയർ ഡു)
സ്പെഷ്യൽ സ്കൂളുകൾ, വികലാംഗർക്കായുള്ള സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകളും ഏജൻസികളും, അക്കാദമിക് - പരിശീലന സ്ഥാപനങ്ങൾ തുടങ്ങിയവയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഭിന്നശേഷിക്കാരായ വ്യക്തികളുടെ കഴിവുകളും, വിജയങ്ങളും ഉയർത്തിക്കാട്ടുന്ന 4 ഷോർട്ട് ഫിലിമുകൾ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് നിർമ്മിച്ചു പ്രദർശിപ്പിച്ചു വരുന്നു.
20. ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ
വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ ഇടപെടൽ നടത്തുന്നതിനുമായി കൊല്ലം, തൃശ്ശൂർ, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലാ പ്രാരംഭ ഇടപെടൽ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാക്കി ദേശീയ ആരോഗ്യ ദൗത്യത്തിന് കൈമാറിയിട്ടുണ്ട്.